Thursday, July 3, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 23

<-മുന്‍പിലത്തെ                                തുടക്കം                 അടുത്തത് ->
"അംഗം ശാരദനീരദാഭമളിവർണ്ണോത്ഭാസിയാം വസ്ത്രമു-
ത്തുംഗാകാരമമോഘശക്തി നിലയം ഹസ്തേഹലം ഭീഷണം
ഭംഗം വിട്ടൊരു വാരുണീ ലഹരി പൂണ്ടേവം സദാ മന്മനോ-
രംഗത്തിൽബ്ബലഭദ്രരൂപി ഭഗവാൻ വാഴട്ടെ സന്തുഷ്ടനായ്"
(ബലരാമൻ)

പദാർത്ഥം:
അംഗം = ശരീരഭാഗങ്ങൾ
ശാരദ = ശരത്കാലത്തുള്ള / ശരത് കാലത്തിനെ സംബന്ധിച്ച
നീരദം = മേഘം
ആഭം = വർണ്ണം
അളി = വണ്ട്
വർണ്ണം = നിറം
ഉദ്ഭാസിയാം വസ്ത്രം = നന്നായി പ്രകാശിക്കുന്ന വസ്ത്രം
ഉത്തുംഗ = വളരേ ഉയരമുള്ള
ആകാര = രൂപം
അമോഘ = വ്യർത്ഥമാകാത്ത, കുറിക്കു കൊള്ളുന്ന
ശക്തി നിലയം = ശക്തിയുടെ ഉറവിടം
ഹസ്തേ = കയ്യിൽ
ഹലം = കലപ്പ
ഭീഷണം = ഘോരം
ഭംഗം വിട്ടൊരു = ഇടതടവില്ലാത്ത
വാരുണീ = മദ്യം
ലഹരിപൂണ്ട് = മദോന്മത്തനായി
ഏവം = ഇപ്രകാരം
സദാ = രാവും പകലും
മന്മനോ = എന്‍റെ മനസ്സിന്‍റെ
രംഗത്തിൽ = നടുവിൽ
ബലഭദ്രരൂപി = ബലരാമാവതാരം
ഭഗവാൻ = ഭഗവാൻ
വാഴട്ടെ = ആധിപത്യം സ്ഥാപിക്കട്ടെ
സംതുഷ്ടനായ് = എല്ലാവിധത്തിലും സന്തോഷവാനായി.


ശ്ലോകാർത്ഥം:
ശരീരം മുഴുവൻ തുലാവർഷമേഘസമാനം കറുത്തും, വണ്ടിന്‍റെ കറുത്തനിറമുള്ള വസ്ത്രം ധരിച്ച് അത്യധികം ശോഭിച്ചും, വളരെ ഉയരമുള്ള രൂപത്തോടു കൂടിയും, ഒരുവിധത്തിലും പാഴാവാത്ത ശക്തിയുടെ ഉറവിടമായും, കയ്യിൽ ഭയം ജനിപ്പിക്കുന്ന കലപ്പയോടു കൂടിയും, ഇടതടവില്ലാതെ മദ്യത്തിന്റെ ലഹരിയിൽ മയങ്ങിയും, എല്ലാം ഇരിക്കുന്ന ഭഗവാൻ ബലരാമൻ എന്റെ മനസ്സിന്റെ നടുത്തളത്തിൽ എല്ലാവിധത്തിലും സ്ന്തോഷിച്ചിരിക്കട്ടെ.


അംഗം. "ശിരോസ്ഥാനി,,," ഇത്യാദ്യമരം കൊണ്ട് ശരീരത്തിലെ സകല അംഗങ്ങളും എന്ന് സിദ്ധമായി. എല്ലാ അവയവങ്ങളും.
ശാരദനീരദാഭം. ശാരദ. ശരത് കാലത്തെ സംബന്ധിച്ച. ഭാഷയിൽ തുലാം വൃശ്ചികങ്ങള്‍ ശരത്. തുലാവർഷക്കാലം. നീരദം. മേഘം. തുലാവർഷക്കലത്തെ മേഘങ്ങൾ ശബ്ദനിർഘോഷത്തോടുകൂടി പ്രവഹിക്കാൻ കാത്തിരിക്കുന്ന അത്യധികം കറുത്ത മേഘങ്ങൾ. അതുപോലെ കറുത്ത മേഘങ്ങൾക്കു സമം. ഇവിടെ നിറം മാത്രമല്ല, ഭയപ്പെടുത്തുന്ന ഇടിവെട്ടും മിന്നലും ചേർന്നു. അതി കഠോരമായി  ഗർജ്ജിക്കുന്ന ഇടിവെട്ടിനും, എല്ലാത്തെയും നിമിഷാർദ്ധംകൊണ്ട് ഭസ്മീകരിക്കാൻ ശക്തമായ മിന്നലിനും, അതിനെല്ലാം തയ്യാറായി പ്രളയവർഷത്തിനു തയ്യാറായി നിൽക്കുന്ന, കാലവർഷമേഘത്തിനെ അതിലംഘിക്കുന്ന കറുപ്പുനിറത്തിനും, എല്ലാത്തിനും ചേർച്ച, "ശാരദനീരദാഭം" കൊണ്ട് വെളിവായി.
അളിവർണ്ണോത്ഭാസിയാം വസ്ത്രം. അളിവർണ്ണം. അതിഗംഭീരമായ, ആഴമുള്ള കറുപ്പുനിറം. "അളിവേണി" വണ്ടിന്‍റെ നിറത്തിനു സമാനമായ കറുപ്പുനിറമുള്ള മുടിയുള്ളവൾ എന്ന പോലെയുള്ള കവിവാക്യങ്ങൾ ശ്രദ്ധിക്കുക. ഉത്ഭാസിയാം. ഭാസനം തന്നെ തിളങ്ങൽ. ഉത്ഭാസിയാം എന്നതുകൊണ്ട് തിളക്കത്തിന്റെ ആധിക്യം വർണ്ണിക്കപ്പെട്ടു. വസ്ത്രം. ശരീരം ചുറ്റുന്ന ചേലകൾ. കറുത്ത വണ്ടുകളെപ്പോലെ തിളങ്ങുന്ന കറുപ്പു നിറം ചേർന്ന  വസ്ത്രം ധരിച്ചവൻ.
ഉത്തുംഗാകാരം. ഏറ്റവും ഉയരമുള്ള അവസ്ഥ പ്രത്യക്ഷരൂപം ധരിച്ചവനെ.
അമോഘശക്തിനിലയം. അമോഘ. ഒരുപ്രകാരത്തിലും വ്യർത്ഥമാവാത്ത. വെറുതേയാവാത്ത. ശക്തി. പ്രഭവസാമർത്ഥ്യം. "ശിവ: ശക്ത്യാ യുക്തോ..." എന്നിത്യാദി സൗന്ദര്യലഹരി. നിലയം. നിലകൊള്ളുന്ന സ്ഥലം. സ്വസ്ഥാനം. അടിസ്ഥാന പ്രദേശം. എന്നാൽ, "ഒരിക്കലും ഒരു പ്രകാരത്തിലും വ്യർത്ഥമാവാത്ത, ഉപയോഗ ശൂന്യമാവാത്ത ശക്തിയുടെ അടിസ്ഥാനമായ ഉറവിടം.
ഹസ്തേ ഹലം ഭീഷണം. ഹസ്തേ. കയ്യിൽ. ഹലം. കലപ്പ.
ഭീഷണം. "ദാരുണം ഭീഷണം ഭീഷ്മം ഘോരം ഭീമം ഭയാനകം
ഭയങ്കരം പ്രതിഭയം രൗദ്രം തൂഗ്രമമീത്രിഷു." (അമരം .1.നാ.20)
എന്നതുകൊണ്ട് ഭീഷണത്തിന്‍റെ തീവ്രാവസ്ഥ വ്യക്തം. കയ്യിൽ ഉയർത്തിയിരിക്കുന്ന കലപ്പ, "ദാരുണവും, ഭീഷണവും, ഘോരവും, വളര വലുതും, തീഷ്ണമായ ഭയത്തെ ജനിപ്പിക്കുന്നതും, ഭീഷ്മവും, ഘോരവും, ഭീമവും, ഭയത്തെ ജനിപ്പിക്കുന്നതു," ആണ്. മേൽ പറഞ്ഞ അമരകോശകർത്താവായ അമരസിംഹൻ ഈ 'ഭീഷണ' ത്തെ സാർത്ഥകമാക്കാൻ, 'ഭയാനകം', 'ഭയങ്കരം' എന്നീ മിക്കവാറും ഒരേ അർത്ഥമായ രണ്ടു വാക്കുകളെ ഉപയോഗിച്ചതിൽ നിന്നു തന്നെ 'ഭീഷണ' ത്തിന്റെ ഭീഷണി വ്യക്തമായി.
ഭംഗം വിട്ടൊരുവാരുണീലഹരിപൂണ്ട്. ലഹരി. ''കാരം ഭൂമിഭൂതം. 'മഹിം മൂലാധാരെ..'  എന്നിത്യാദി സൗന്ദര്യലഹരി കൊണ്ട്, ' മൂലാധാരം. ആധാരം താങ്ങിനിർത്തുന്നത്.'മൂലം' വേര്. കുലോദയാദി എല്ലാം. അല്ലെങ്കിൽ, യാതൊന്നാണോ, വെള്ളവും, വളവും നൽകി, നിലനിൽപ്പിന് സഹായകമാവുന്നത്. അങ്ങിനെയെല്ലാമിരിക്കുന്ന ''. 'ഹരി' ഹരണം. അപഹരണം, കട്ടുകൊണ്ടുപോവൽ. എന്നാൽ, 'ലഹരി' ആധാരമായിരിക്കുന്നതിനെ നീക്കം ചെയ്യുന്നത്, മാറ്റിക്കളയുന്നത്. വടവൃക്ഷത്തിന് വേര് നഷ്ടപ്പെട്ടാൽ, ഒരു ചെറിയ തെന്നലിനുപോലും അതിനെ പറത്താൻ കഴിയും. അങ്ങിനെ ആകാശത്തിൽ വേരറ്റു പറന്നു നടക്കുന്ന പേരാലുപോലെ, 'ലഹരി'
പൂണ്ട്. മുഴുവനായും ഉൾക്കൊണ്ട്. അപ്പാടെ സ്വാംശീകരിച്ച്.
വാരുണീ ലഹരി. വാരുണികൊണ്ട് ജനിക്കുന്ന ലഹരി.
"വണിക് പഥേ ച വിപണി:സുരാ പ്രത്യക് ച വാരുണീ" (അമരം. 3. നാ.52)
എന്നതുകൊണ്ട്, വാരുണി മദ്യം എന്ന് പ്രസിദ്ധം.
"വാരുണീമദവിഹ്വലാ" (ല.സ.നാ:333) എന്ന സഹസ്രനാമാന്ത്രഗതത്തിന് ഭാസുരാനന്ദനാഥൻ "യദ്വാ ഖർജുരീസമുദ്ഭവോ വരുണപ്രിയത്വാദ്വാരുണീ..' എന്ന്. വാരുണിയിലുനിന്നുജനിക്കുന്ന മദത്താൽ വിഹ്വലയായവളാണ് 'വാരുണീ മദവിഹ്വലാ, എന്നതുകൊണ്ട്, വാരുണി, മദമുളവാക്കുന്ന മദ്യം തന്നെ എന്ന് സിദ്ധം. എന്നാറെ, ഈന്തപ്പഴം വാറ്റിയുണ്ടാക്കുന്ന മദ്യത്തിനാൽ ഉണ്ടാകുന്ന ആധാര ഭ്രംശം തന്നെ 'വാരുണീ ലഹരി'
പൂണ്ടേവം. മേല്പറഞ്ഞ പോലുള്ള ലഹരിയിൽ  മുഴുകി, ഇപ്രകാരം.
സദാ. അഹോരാത്രം. അവസ്ഥാത്രയത്തിലും.
മന്മനോരംഗത്തിൽ. എന്‍റെ മനസ്സാകുന്ന ശാലയിൽ
ബലഭദ്രരൂപി ഭഗവാൻ. ഭഗവാനായ ബലഭദ്രരൂപി. ബലരാമൻ, എന്ന് ലളിതമായി പറയുന്നതിനു പകരം, സ്വന്തം മനോരംഗത്തിൽ സന്തുഷ്ടനായി വാഴേണ്ടുന്ന രാമന്‍റെ "രൂപം" ഇവിടെ എടുത്തു പറഞ്ഞിരിക്കുന്നു. അതു മൂലം "ബലഭദ്രരൂപി" എന്നത് എന്തു തരം രൂപമാണെന്ന് വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നു.
 ബലം. ശക്തി, പ്രഭവസാമർത്ഥ്യം. ഭദ്ര.
"ശ്വ:ശ്രേയസം ശിവം ഭദ്രം കല്യാണം മംഗലം ശുഭം
ഭാവുകം ഭവികം ഭവ്യം കുശലം ക്ഷേമമസ്ത്രിയാം" (അമരം:1.കാ.28)

"ഉഷോ ഭദ്രോ ബലീ വർദ്ദ ഋഷഭോ വൃഷഭോ വൃഷ:" (ടി: 2.വൈ.59)

ഇത്യാദി അമരം കൊണ്ട് "ഭദ്രം" കല്യാണാത്മകം എന്നു സിദ്ധം. മുൻപറയപ്പെട്ട മദ്യലഹരിയിൽ മദോന്മത്തനായി, 'ഭീഷണമായ' കലപ്പയും ഏന്തി, മാനം മുട്ടെ ഉയരമുള്ളവനായി വിലസുന്ന രാമന് 'ബലരാമൻ' എന്ന പേര് ചേർന്നത്, അവൻ 'ബലഭദ്ര' രൂപനായതുകൊണ്ടാണ്, എന്ന്. സ്വന്തം ബലം കല്യാണത്തിനുവേണ്ടി, ശുബത്തിനു വേണ്ടി, മംഗലത്തിനുവേണ്ടി ഉപയുക്തനാക്കുന്നവൻ, ബലഭദ്രരൂപി.
സംതുഷ്ടനായ്. സംയക്കായ, എല്ലാ വിധത്തിലുമുള്ള, തുഷ്ടി, തോഷം, ആഹ്ലാദം ചേർന്നവനായി.
വാഴട്ടേ. ഭരിക്കട്ടെ. ഇങ്ങിനെയെല്ലാമുള്ള ബലഭദ്രൻ, ന്‍റെ മനോരംഗം ഇനിമുതൽ ഭരിക്കണം. ഭരണം ആജ്ഞാസമ്മിളിതം. 'യഥാ നിയുക്തോസ്മി തഥാ കരോമി' എന്ന ഭവതീർണ്ണാവസ്ഥ.




No comments:

Post a Comment

അഭിപ്രായം