"രാജവ്രാതഗളോദ്ഗളദ്രുധിര പങ്കം ചേർന്ന ഖട്വാംഗബി-
ഭ്രാജദ്ദക്ഷിണഹസ്തമന്യകരമോ രുദ്രാക്ഷമാലാധരം
തേജസ്സിൻ പുരുഷസ്വരൂപമരിവർഗ്ഗധ്വംസി രാമൻ ഹൃദം-
ഭോജാവാസിയെവന്നു തദ്രിപുഗണം വേരറ്റുപോയീടുമേ"
(പരശുരാമൻ)
പദാര്‍ത്ഥം:
രാജവ്രാത = രാജാക്കന്മാരുടെ കൂട്ടം.
ഗളോദ്ഗള = കഴുത്തില്‍ നിന്നും പ്രവഹിച്ച
രുധിര = ചോര
പങ്കം = അഴുക്ക്
ചേര്‍ന്ന ഖട്വാംഗ = ഒട്ടിപ്പിടിച്ച കോടാലി
ബിഭ്രാജത് = വട്ടം കറക്കുന്ന
ദക്ഷിണ ഹസ്തം = വലത്ത് കൈ
അന്യകരമോ = മറ്റേ കയ്യോ
രുദ്രാക്ഷമാലാധരം = രുദ്രാക്ഷമാല ധരിച്ചും
തേജസ്സിൻ പുരുഷസ്വരൂപം = തേജസ്സ് പുരുഷസ്വരൂപം ധരിച്ചവൻ
അരിവർഗ്ഗധ്വംസി = ശത്രുക്കളുടെ വർഗ്ഗത്തെ ത്തന്നെ നശിപ്പിച്ചവൻ
രാമൻ = പരശുരാമൻ
ഹൃദംഭോജാവാസി = ഹൃദയമാകുന്ന താമരയിൽ താമസിക്കുന്നത്
എവന്ന് = ആർക്കാണോ
തദ്രിപുഗണം = അവൻറ്റെ ശത്രുക്കളുടെ കൂട്ടം
വേരറ്റു പോയീടുമേ = വേരോടെ നശിച്ചു പോകും
ശ്ലോകാർത്ഥം:
(പരശുരാമൻ)
പദാര്‍ത്ഥം:
രാജവ്രാത = രാജാക്കന്മാരുടെ കൂട്ടം.
ഗളോദ്ഗള = കഴുത്തില്‍ നിന്നും പ്രവഹിച്ച
രുധിര = ചോര
പങ്കം = അഴുക്ക്
ചേര്‍ന്ന ഖട്വാംഗ = ഒട്ടിപ്പിടിച്ച കോടാലി
ബിഭ്രാജത് = വട്ടം കറക്കുന്ന
ദക്ഷിണ ഹസ്തം = വലത്ത് കൈ
അന്യകരമോ = മറ്റേ കയ്യോ
രുദ്രാക്ഷമാലാധരം = രുദ്രാക്ഷമാല ധരിച്ചും
തേജസ്സിൻ പുരുഷസ്വരൂപം = തേജസ്സ് പുരുഷസ്വരൂപം ധരിച്ചവൻ
അരിവർഗ്ഗധ്വംസി = ശത്രുക്കളുടെ വർഗ്ഗത്തെ ത്തന്നെ നശിപ്പിച്ചവൻ
രാമൻ = പരശുരാമൻ
ഹൃദംഭോജാവാസി = ഹൃദയമാകുന്ന താമരയിൽ താമസിക്കുന്നത്
എവന്ന് = ആർക്കാണോ
തദ്രിപുഗണം = അവൻറ്റെ ശത്രുക്കളുടെ കൂട്ടം
വേരറ്റു പോയീടുമേ = വേരോടെ നശിച്ചു പോകും
ശ്ലോകാർത്ഥം:
രാജാക്കന്മരുടെ കൂട്ടത്തിൻറ്റെ കഴുത്തിൽ നിന്നു പ്രവഹിച്ച ചോരകൊണ്ട് ചളിപുരണ്ട കോടാലി വലത്തുകയ്യിൽ വട്ടം കറക്കിയും, മറ്റേ കയ്യിൽ രുദ്രാക്ഷമാല ധരിച്ചും തേജസ്സ് പുരുഷരൂപം ധരിച്ച് ശത്രുക്കളുടെ വർഗ്ഗത്തെ നശിപ്പിച്ച രാമൻ, ആരുടെ ഹൃദയമാകുന്ന താമരയിൽ താമസമുണ്ടോ അവൻറ്റെ ശത്രുക്കളുടെ കൂട്ടം വേരോടെ നശിക്കും.
വ്യാഖ്യാ:
രാജവ്രാത. രാജാക്കന്മാരുടെ കൂട്ടം. രാജാക്കന്മാർ ക്ഷത്രിയന്മാരായതുകൊണ്ട് ക്ഷത്രിയന്മാരുടെ കൂട്ടം.
"സ്തോമൗഘ നികര വ്രാത വാര സംഘാത സഞ്ചയാ:
സമുദായ: സമുദയ: സമവായശ്ചയോ ഗണ:" (അമരം:2.മൃ.42)
എന്നതുകൊണ്ട് വ്രാതം സമുദായം തന്നെ. ക്ഷത്രിയന്മാരുടെ സമൂഹത്തെത്തന്നെ മുഴുവനായും.
ഗളോദ്ഗളത്. ഗള കഴുത്ത്. പഞ്ചമീ തത്പുരുഷസമാസത്തിൽ കഴുത്തിൽ നിന്ന്. ഉദ്ഗളത്. പ്രവഹിക്കുന്ന. ഉദ് എന്ന ഉപസർഗം ചേരുമ്പോൾ ചീറ്റിവരുന്ന. ജലധാരക്കു സമം.
രുധിര പങ്കം. ചോരയാകുന്ന അല്ലെങ്കിൽ ചോരകൊണ്ടുണ്ടായ ചളി അഴുക്ക്. ക്ഷത്രിയസമുദായത്തിൻറ്റെ മുഴുവൻ കഴുത്തിൽ നിന്ന് ചീറ്റിവരുന്ന ചോരകൊണ്ട് അഴുക്കുപുരണ്ട.
ഖട്വാംഗം. കോടാലി. ഗുരു ഇവിടെ ക്ഷത്രിയരെ ഇങ്ങിനെ ഉന്മൂലം ചെയ്തത് വളരെ നല്ലൊരു കാര്യമായിരുന്നില്ല എന്ന് വ്യക്തമാക്കിയിരിക്കുന്നു. പങ്കം കളങ്കം തന്നെയാണ്. അമരകോശത്തിൽ പങ്കത്തെ ചളി എന്ന് പറയുന്നതോടൊപ്പം, പാപം എന്നു കൂടി അർത്ഥം പറയുന്നു.
"അസ്ത്രീ പങ്കം പുമാൻ പാപ്മാ പാപകിൽബിഷകല്മഷം" (അമരം:1.കാ.25)
അങ്ങിനെ പാപക്കറ പുരണ്ട എന്ന് പറഞ്ഞുവച്ചു. അതുകൊണ്ടു തന്നെയാണ് പരശുരാമന് കശ്യപൻറ്റെകാർമ്മികത്വത്തിൽ യാഗം ചെയ്യേണ്ടിവന്നതും.
ബിഭ്രാജദ്ദക്ഷിണഹസ്തം. വട്ടംകറക്കിക്കൊണ്ടിരിക്കുന്ന വലത്ത് കൈ.
അന്യകരമോ രുദ്രാക്ഷമാലാധരം. മറ്റേ കൈ ഇടത്തു കൈ. രുദ്രാക്ഷമാല ധരിച്ചിരിക്കുന്നതായും.
തേജസ്സിൻ പുരുഷസ്വരൂപം. "തേജ: പ്രഭാവേ ദീപ്തൗ ച ബലേ" എന്ന അമരം കൊണ്ട്,തേജസ്സിന് പ്രഭാവം, ദീപ്തി, ബലം എന്നീ അർത്ഥങ്ങൾ. അതിൻറ്റെ പുരുഷസ്വരൂപം. പുരുഷൻറ്റെ രൂപം. പ്രഭാവം, ദീപ്തി (പ്രകാശം/ശോഭ), ബലം എന്നിവ പുരുഷരൂപം സ്വീകരിച്ചാൽ എന്തോ അത്. 'പുരുഷരൂപം' എന്നു പറയാതെ 'പുരുഷസ്വരൂപം' എന്നു പറഞ്ഞത്, പ്രഭവാദികൾ സ്വന്തം രൂപം പുരുഷാകാരത്തിലാക്കി എന്ന അർത്ഥം ഉറപ്പിച്ചു.
അരിവർഗ്ഗധ്വംസി. ശത്രുക്കളുടെ വർഗ്ഗത്തെ അപ്പാടെ നശിപ്പിക്കുന്നവൻ.
രാമൻ. പരശുരാമൻ എന്ന് വ്യക്തം.
ഹൃദംഭോജാവാസി. ഹൃദയമാകുന്ന താമരയിൽ. ആവാസി. 'ഹൃദി' എന്ന് പറഞ്ഞാൽ ഹൃദയത്തിൽ എന്നായി. മറ്റും പല വാക്കുകളും മനസിൽ ധ്യാനിക്കുന്നതിനുപയോഗിക്കാം. എന്നിരിക്കെ ഹൃദയത്തെ താമരയാക്കിയത് ശ്രദ്ധേയം. മേൽ പറയപ്പെട്ട വിധത്തിലെല്ലാം ഉള്ള രാമനെ 'താമര' യിൽ ഇരുത്തിയതിൻ റ്റെ ഭംഗി കവിത്വമാണ്.
എവന്ന്. ആർക്ക്
തദ്രിപുഗണം. അവൻറ്റെ ശത്രുക്കളുടെ കൂട്ടം. ഗണം സമുദായം തന്നെ.
വേരറ്റു പോയീടുമേ. വേരോടുകൂടി നശിക്കുന്നു. മരം നശിച്ചാലും വേരിൽ നിന്നു വീണ്ടും പൊട്ടിമുളക്കുക എന്നത് പ്രകൃതിനിയമം. വേരും കൂടി നശിക്കുന്നതുകൊണ്ട്, മേൽ ശത്രുക്കളുണ്ടാകുകയേ ഇല്ല എന്ന് വ്യക്തം.
No comments:
Post a Comment
അഭിപ്രായം