"കൈലാസം കളിയായുയർത്തിയ മഹാശക്തൻ ജഗൽകണ്ടകൻ
പൗലസ്ത്യാന്വയനാം ദശാസ്യനെ രണേ വെന്നുള്ള വീര്യാംബുധി
നീലാംഭോരുഹലോഹചനൻ കരലസൽ കോദണ്ഡബാണാന്വിതൻ
ആലംബം മമ രാഘവൻ ജനകജായുക്തൻ, ഹനൂമത്പ്രിയൻ"
(ശ്രീരാമൻ)
(ശ്രീരാമൻ)
പദാർത്ഥം:
കൈലാസം = കൈലാസപർവതം
കളിയായ് = കളിക്ക് വിനോദ രൂപത്തിൽ
ഉയർത്തിയ = പൊക്കിയ
മഹാശക്തൻ = വളരെയധികം ശക്തിയുള്ളവൻ
ജഗൽ കണ്ടകൻ = ലോകത്തിന് മുള്ളായവൻ
പൗലസ്ത്യാന്വയനാം = പുലസ്ത്യൻ റ്റെ പരമ്പരയിൽ പെട്ടവൻ
ദശാസ്യനെ = പത്തു തലയുള്ളവനെ
രണേ = യുദ്ധത്തിൽ
വെന്നുള്ള = തോല്പിച്ച
വീര്യാംബുധി = വീര്യത്തിൻറ്റെ സമുദ്രം
നീലാംഭോരുഹ ലോചനൻ = നീലത്താമര പോലുള്ള കണ്ണുള്ളവൻ
കരലസൽ = കൈകളിൽ ശോഭിക്കുന്ന
കോദണ്ഡ ബാണാന്വിതൻ = വില്ലും അമ്പും ചേർന്നവൻ
ആലംബം = ആശ്രയം
മമ = എന്റെ
രാഘവൻ = രഘുവിന്റെ വംശത്തിൽ പിറന്നവൻ
ജനകജാ = ജനകന്റെ മകൾ
യുക്തൻ = ചേർന്നവൻ
ഹനൂമത്പ്രിയൻ = ഹനുമാന് പ്രിയപ്പെട്ടവൻ
ശ്ലോകാർത്ഥം:
പുലസ്ത്യന്റെ വംശത്തിൽ പിറന്ന, പത്തു തലയുള്ള, ലോകത്തിന്റെ മുള്ളായ (ശല്യം) കൈലാസം കളിതമാശയായി ഉയർത്തിയ മഹാശക്തനെ യുദ്ധത്തിൽ തോല്പിച്ച വീര്യത്തിന്റെ സമുദ്രമായ, നീലത്താമരപോലുള്ള കണ്ണുകളുള്ള, വില്ലും അമ്പും കൊണ്ട് കൈകൾശോഭിക്കുന്ന, ജനകന്റെ മകളോട് ചേർന്ന, ഹനുമാന് പ്രിയനായ രഘുവിന്റെ വംശത്തിൽ ജനിച്ചവൻ എന്റെ ആശ്രയം.
വ്യാഖ്യാ:
കൈലാസം. ശിവന്‍റെ വാസസ്ഥാനമായ കൈലാസപർവതം.
കളിയായുയർത്തിയ. വിനോദരൂപേണ പൊക്കിയ. ഒട്ടും അദ്ധ്വാനമില്ലാതെ. ശിവൻ ഇരിക്കെയാണ് രാവണൻ കൈലാസം ഉയർത്തിയത്. പെരുവിരൽ കൊണ്ട് താഴേക്കമർത്തി ശിവൻ രാവണനെ സ്തംഭിപ്പിച്ചപ്പോൾ രാവണൻ ശിവഭക്തനായി.
മഹാശക്തൻ. ശിവന്‍റെ ആവാസസ്ഥാനം ശിവനോടുകൂടി ഉയർത്താൻ കഴിവുള്ളവൻ.
ജഗൽകണ്ടകൻ. ജഗത്തിനാകെ ഒരു മുള്ളുപോലെ ഉപദ്രവമായിരുന്നവൻ.
പൗലസ്ത്യാന്വയനാം. പുലസ്ത്യൻ മരീച്യാദി പ്രജാപതികളിൽ ഒരുവൻ. പുലസ്ത്യന്‍റെ മകൻ വിശ്രവസ്. വിശ്രവസിന്‍റെ പുത്രൻ രാവണൻ. അന്വയം വംശം. പൗലസ്ത്യന്‍റെ വംശത്തിൽ പിറന്നവനായ.
ദശാസ്യനെ. പത്തു തലയുള്ളവനെ. രാവണനെ.
രണേ വെന്നുള്ള. യുദ്ധത്തിൽ കീഴ്പെടുത്തിയ
വീര്യാംബുധി. വീര്യത്തിന്‍റെ അംബുധി. അംബു വെള്ളം. ധി ധരിക്കുന്നത്, സമുദ്രം. വീര്യത്തിന്‍റെ സമുദ്രം.
നീലാംഭോരുഹ ലോചനൻ. നീലത്താമരപോലുള്ള കണ്ണുകളുള്ളവൻ. കണ്ണുകൾ താമരയോടുപമിക്കുൻന്നത് സൗന്ദര്യനിദർശം. നീല നിറം അഗാധതയെ ദ്യോതിപ്പിക്കുന്നു. താമരപോലുള്ള കണ്ണുകളിൽ കാണാവുന്ന അഗാധതയുള്ളവൻ.
കരലസൽ. കയ്യിൽ ശോഭിക്കുന്ന
കോദണ്ഡബാണാന്വിതൻ. കോദണ്ഡ. വില്ല്. ബാണ. അമ്പ്. അന്വിതൻ. ചേർന്നവൻ
ആലംബം. ആശ്രയം. യാതൊന്നിലാണോ താങ്ങിനിൽക്കുന്നത്, അത്.
രാഘവൻ. രഘുവിന്റെ വംശത്തിൽ പിറന്നവൻ. രാവണനെ പൗലസ്ത്യൻ എന്ന് വംശം കൂട്ടി പറഞ്ഞപ്പോൾ, രാമനെയും അങ്ങിനെ തന്നെ വിശേഷിപ്പിച്ചു.
മമ. എന്‍റെ. 'ആലംബം മമ രാഘവൻ' എന്നത് 'രാഘവൻ മമ ആലംബം' എന്നന്വയിക്കണം.
ജനകജായുക്തൻ. ജനകന്‍റെ മകളായ സീതയുമായി ചേർന്നവൻ.
ഹനൂമത്പ്രിയൻ. ഹനുമാന് പ്രിയപ്പെട്ടവൻ.
ഹര ഹര മഹാദേവ
ReplyDelete