Tuesday, June 10, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 18

<- മുൻപിലത്തേത്                              തുടക്കം                    അടുത്തത് ->
"ഘോരാകാര വരാഹരൂപധരനായ് ദൈത്യൻ ഹിരണ്യാക്ഷന-
പ്പാരാവാരനിമഗ്നമാക്കിയ ധരാമുദ്ധൃത്യ ദംഷ്ട്രോപരി
വീരൻ ദാനവനെപ്പദപ്രഹരമൊന്നാലേ ഹനിച്ചുള്ളൊരാ
കാരം ഭാവനചെയ്വവൻ ത്രിഭുവനം വെല്ലുന്നു വീര്യത്തിനാൽ"
(വരാഹം)
പദാർത്ഥം:
ഘോരാകാര = ഭയം ജനിപ്പിക്കുന്ന രൂപം
വരാഹരൂപധരനായ് = കാട്ടു പന്നിയുടെ രൂപം സ്വീകരിച്ചവനായ്
ദൈത്യൻ = അസുരൻ
ഹിരണ്യാക്ഷൻ = ആ പേരുള്ളൊരസുരൻ
അപ്പാരാവാര = ആ മഹാസമുദ്രത്തിന്റെ
നിമഗ്നമാക്കിയ = താഴ്തി വച്ച
ധരാം = ഭൂമിയെ
ഉദ്ധൃത്യ = പൊക്കിക്കൊണ്ടു വന്നിട്ട്
ദംഷ്ട്രോപരി = ദംഷ്ട്രയുടെ മുകളിൽ
വീരൻ = വീരൻ
ദാനവനെ = ദനുവിന്റെ പുത്രനെ
പദപ്രഹരമൊന്നാലേ = ഒരൊറ്റ ചവിട്ടുകൊണ്ട്
ഹനിച്ചുള്ളൊരു = കൊന്നതായ
ആകാരം = രൂപം
ഭാവനചെയ്വവൻ = ഭാവനചെയ്യുന്നവൻ
ത്രിഭുവനം = മൂന്നുലോകങ്ങളെയും
വെല്ലുന്നു = ജയിക്കുന്നു
വീര്യത്തിനാൽ = വീരത കൊണ്ട്

ശ്ലോകാർത്ഥം:
ദിതിയുടെ പുത്രനായ ഹിരണ്യാക്ഷൻ ആ മഹാജലധിയിൽ താഴ്തിക്കളഞ്ഞ ഭൂമിയെ ഭയംജനിപ്പിക്കുന്നവിധത്തിലുള്ള കാട്ടുപന്നിയുടെ രൂപം ധരിച്ച് ദംഷ്ട്രയുടെ മുകളിൽ പൊക്കിക്കൊണ്ടുവന്നിട്ട് വീരനായ ആ ദനുവിന്റെ പുത്രനെ ഒരൊറ്റ ചവിട്ടുകൊണ്ട് കൊന്ന രൂപം ആരു മനസ്സിൽ ഭാവനചെയ്യുന്നുവോ, അവൻ സ്വന്തം വീര്യം കൊണ്ട് മൂന്നുലോകങ്ങളെയും ജയിക്കുന്നു.

വ്യാഖ്യാ:
വരാഹാവതാരമാണിവിടെ വർണ്ണിക്കപ്പെടുന്നത്. ജയവിജയന്മാർ ശാപഗ്രസ്തരായി കശ്യപന്റെ മക്കളായി ദിതിയിൽ ജനിച്ചവരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. ഹിരണ്യകശിപുവാണ് ഭക്താഗ്രേസരനായ പ്രഹ്ലാദന്റെ അച്ഛൻ.
ഹിരണ്യാക്ഷൻ സ്വന്തം വീര്യത്തിൽ, ശക്തിയിൽ, ഉന്മത്തനായി, ഭൂമിദേവിയെ സമുദ്രത്തിനടിയിലേക്ക് താഴ്തിക്കളഞ്ഞു. ബ്രഹ്മാദികളുടെ പ്രാർത്ഥനാസന്തുഷ്ടനായ മഹാവിഷ്ണു വരാഹരൂപം ധരിച്ചു.
ഘോരാകാരവരാഹരൂപം വരാഹത്തിന്റെ രൂപം. ഇവിടെ 'ആകാരം', 'രൂപം' എന്ന് ഏതാണ്ട് ഒരേ അർത്ഥം വരുന്നവാക്കുകൾ ഗുരുവെന്തിനുപയോഗിച്ചു? വൃത്തദാസ്യം ഗുരുവിനെപ്പോലുള്ള മഹാകവികൾക്ക് വിഷയമല്ല. 'ഘോരവരാഹരൂപ', 'ഘോരവരാഹാകാരധരനായ്' എന്ന വിധത്തിൽ, ഇതിലൊരു വാക്കുപയോഗിക്കാവുന്ന സന്ദർഭത്തിൽ ഈ രണ്ടുവാക്കുകളും എന്തിനുപയോഗിച്ചു.
"...ആകാരാവിംഗിതാകൃതി" (അമരം:3.നാ) ആകാരം അഭിപ്രായത്തിന്റെ ആകൃതി. അഭിപ്രായം മനസ്സിലെ ധാരണതന്നെ. ആ അഭിപ്രായം വ്യക്തമാക്കുന്ന ആകൃതി 'ആകാരം'
"നികാരോ വിപ്രകാര: സ്യാദാകാരസ്ത്വിംഗ ഇംഗിതം" (ടി:3.സ) ആകാരം ഇംഗ ഇംഗിതങ്ങൾ അഭിപ്രായത്തെ ദ്യോതിപ്പിക്കുന്നു.
അപ്പോൾ വരാഹത്തിന്റെ വിശേഷണമായ 'ഘോരത' യെ വീണ്ടും വർണ്ണിക്കുന്നതാണ് 'ആകാര'. ഘോരത്വം മൂർത്തിമത്തായുള്ള വരാഹത്തിന്റെ 'രൂപം'. ധരനായ്. ധരിച്ചവനായിട്ട്.
ദൈത്യൻ. ദിതിയുടെ പുത്രൻ. കശ്യപന്റെ ബീജം ദിതിയിൽ ജനിപ്പിച്ച എട്ടുസന്താനങ്ങളിൽ ഒരാൾ.
ഹിരണ്യാക്ഷൻ. ഹിരണ്യാക്ഷൻ എന്നു പേരുള്ള ഒരു അസുരൻ.
അപ്പാരാവരനിമഗ്നമാക്കിയ. ആ മഹാസമുദ്രത്തിൽ താഴ്തി വച്ച. നിമഗ്ന. നിശ്ശേഷം മഗ്ന, മുക്കിയ. ഏറ്റവും താഴേക്ക് താഴ്തിയ.
ധരാം ദംഷ്ട്രോപരി ഉദ്ധൃത്യ. ഭൂമിയെ ദംഷ്ട്രയുടെ മുകളിൽ പൊക്കിക്കൊണ്ടുവന്നിട്ട്.
വീരൻ. അത്യുത്സാഹം കൊണ്ട് വിജൃംഭിതൻ. വീരരസം സ് ഫുരിക്കുന്നവൻ.
ദാനവനെ. ദനുവിന്റെ പുത്രനെ. കശ്യപന്റെ ബീജം ദനുവിൽ ജനിപ്പിച്ചവനെ. ഹിരണ്യാക്ഷൻ കശ്യപന്റെ തന്നെ മകനാണെങ്കിലും, ദിതിയിലാണ് ജനനനം. അതുകൊണ്ട് ദൈത്യൻ. ദനുവിൽ വിപ്രചിത്തി, ശംബരാദി നൂറു മക്കളാണ് കശ്യപനുണ്ടായത്. അതിൽ ഹിരണ്യാക്ഷൻ പെടില്ല. എന്നിരിക്കെ, ഗുരു എന്തിന് ആദ്യം 'ദൈത്യൻ = ദിതിയുടെ മകൻ' എന്നും പിന്നീട് 'ദാനവൻ = ദനുവിന്റെ മകൻ' എന്നും പറഞ്ഞുവച്ചു?
 "അസുരാ ദൈത്യദൈതേയദനുജേന്ദ്രാരിദാനവാ:
ശുക്രശിഷ്യാ ദിതിസുതാ: പൂർവ്വദേവാ: സുരദ്വിഷ:" (അമരം: 1.സ്വ)
അസുരന്മാർ എന്ന അർത്ഥം തന്നെയാണ് ദൈത്യൻ, ദൈതേയൻ, ദനുജൻ, ഇന്ദ്രാരി, ദാനവൻ, ശുക്രശിഷ്യർ, ദിതിസുതന്മാർ, പൂർവദേവന്മാർ (മുമ്പ് ദേവന്മാരായിരുന്ന്, അധർമ്മവൃത്തികൊണ്ട്, ദേവത്വഭ്രഷ്ടരായവർ എന്നും, ആരുടെ മുൻപിലാണോ ദേവന്മാരുള്ളത് അവർ എന്നും അർത്ഥം) സുരദ്വിഷന്മാർ (ദേവന്മാരെ ദ്വേഷിക്കുന്നവർ) (അമരകോശം പാരമേശ്വരീ വ്യാഖ്യാനം:1.സ്വ.12: പേജ്:66)
അതുകൊണ്ട്, ഗുരു ഇവിടെ ഈ ഒരൊറ്റ അസുരനെ പ്രതിനിധിയാക്കി, സകല അസുരന്മാരെയും ഉൾക്കോള്ളിച്ചു. അങ്ങിനെ 'ധർമ്മസംസ്ഥാപനാർത്ഥായ' എന്നതും അന്വർത്ഥമാക്കി.
പദപ്രഹരമൊന്നാലേ. കാലുകൊണ്ടുള്ള ഒരൊറ്റ തൊഴി കൊണ്ട്! നന്ദകം എന്ന തന്റെ വാൾകൊണ്ട് വെട്ടിക്കൊന്നു എന്നും കഥാന്തരം കാണുന്നുണ്ട്. എങ്കിലും വരാഹമൂർത്തിക്ക് ലോഹനിർമ്മിതമായ മറ്റൊരു ആയുധം പോലും വേണ്ട സ്വന്തം പാദശക്തിയുള്ളപ്പോൾ എന്ന് വ്യക്തമാക്കിയിരിക്കുന്നു.
ഹനിച്ചുള്ളൊരാകാരം. കൊന്ന ആകാരം. രൂപം കണ്ടാൽ തന്നെ 'വീരനായ' ദാനവനെ ഹനിച്ച അവസ്ഥ വ്യക്തം. അതുകൊണ്ട് 'ആകാരം'.
ഭാവന ചെയ്വവൻ.
'ഭാവനാദാർഢ്യാദാജ്ഞാസിദ്ധി:  "അഹമിദം ജാനാമി" ഇത്യേതാദൃശവൃത്തിഷു ഇദം പദാർഥാപേക്ഷയാ അഹന്തയാ ഭാസമാനം ശ്രേഷ്ഠമിതി വിവേചനം -- സർവ്വവൃത്തിഷു ഇദമേവ ഭാവനാപദാർത്ഥ:' (പ.ക.സൂ:രാ.വൃ: പേജ്.30) ഞാൻ ഇതിനെ അറിയുന്നു, ധ്യാനിക്കുന്ന പദാർത്ഥവുമായുള്ള ചേർച്ചകൊണ്ട്, താൻ തന്നെയാണ് ഇപ്രകാരം ശ്രേഷ്ഠമായി പ്രകാശിക്കുന്നത് എന്ന തിരിച്ചറിവ്.
വീരനായ ആ ദാനവനെകൊന്ന ആ കാട്ടുപന്നിയുടെ ഘോരാകാരം, താൻ തന്നെയാണെന്ന ദൃഢമായ വിശ്വാസമുള്ളവൻ.
ത്രിഭുവനം വെല്ലുന്നു വീര്യത്തിനാൽ. മുൻപറഞ്ഞ വരാഹരൂപധ്യാനംകൊണ്ടുണ്ടാകുന്ന വീര്യം ഹേതുവായി, ഭൂസ്വർഗപാതാളങ്ങളായ മൂന്നു ഭുവനങ്ങളെയും, ജയിക്കുന്നു, കീഴടക്കുന്നു. 'വീരനായ' വീര്യമുള്ള ദാനവനെ ഒറ്റത്തൊഴികൊണ്ട് കൊന്ന വരാഹരൂപം ഭാവനചെയ്യുന്നവന് ത്രിഭുവനം വെല്ലാനുള്ള 'വീര്യം' കിട്ടാതെന്തു വഴി!

No comments:

Post a Comment

അഭിപ്രായം