Wednesday, January 21, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 59

<- മുൻപിലത്തേത്                                      തുടക്കം                     അടുത്തത് ->
"അത്യായാസകരങ്ങളായ തപശ്ചര്യാദിയാലോ സദാ
സത്യം ബ്രഹ്മമസത്യമിഭ്ഭുവനമെന്നുച്ചൈസ്തരം ചൊൽകിലോ
നിത്യാനന്ദനിദാനമാം തവപദം പ്രാപിക്കുവാൻ സാദ്ധ്യമ-
ല്ലത്യന്താമലഭക്തിയാലതു ലഭിച്ചീടുന്നു യത്നം വിനാ"

പദാർത്ഥം:
അത്യായാസകരങ്ങളായ = അതി കഠിനങ്ങളായ
തപശ്ചര്യാദിയാലോ = തപസ്സ്, മറ്റു വ്രതങ്ങളാലോ
സദാ = എല്ലായ്പോഴും
സത്യം ബ്രഹ്മം = ബ്രഹ്മം സത്യമാണ്
അസത്യമിബ്ഭുവനം = ഈ പ്രപഞ്ചം അസത്യമാണ്
എന്നുച്ചൈസ്തരം ചൊൽകിലോ = എന്ന് ഉച്ചത്തിൽ പറഞ്ഞതുകൊണ്ടോ
നിത്യാനന്ദനിദാനമാം = അവസാനമില്ലാത്ത ആനന്ദത്തിന്റെ കാരണമായ
തവ പദം = അവിടുത്തെ കാല്
പ്രാപിക്കുവാൻ = ചെന്നു ചേരാൻ
സാദ്ധ്യമല്ല = പറ്റില്ല
അത്യന്താമല = അങ്ങേയറ്റം കളങ്കമില്ലാത്ത
ഭക്തിയാൽ = ഭക്തികൊണ്ട്
അതു ലഭിച്ചീടുന്നു = ആ ആനന്ദം കിട്ടുന്നു
യത്നം വിനാ = യാതൊരു കഷ്ടപാടുമില്ലാതെ.

ശ്ലോകാർത്ഥം:
അതികഠിനങ്ങളായ തപസ്സുകൊണ്ടോ, വ്രതാനുഷ്ഠാനങ്ങൾ കൊണ്ടോ, എല്ലാ നേരവും ബ്രഹ്മം സത്യമാണ്, ഈ പ്രപഞ്ചം അസത്യമാണ് എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു നടന്നതുകൊണ്ടോ അവസാനമില്ലാത്ത ആനന്ദത്തിനു കാരണമായ അവിടുത്തെ പദം ചെന്നു ചേരാൻ സാധിക്കില്ല. അങ്ങേയറ്റം കളങ്കമില്ലാത്ത ഭക്തികൊണ്ട് അത് അല്പം പോലും ക്ലേശമില്ലാതെ കിട്ടുന്നു.

വ്യാഖ്യാ:
അമലമായ ഭക്തി. അല്പം പോലും മലം, കളങ്കം, അഴുക്ക് ഇല്ലാത്ത ഭക്തി. അതാണ് വേണ്ടത്. ഭക്തിയിൽ യുക്തിയില്ല. യുക്തിയാണ് തർക്കത്തിലൂടെ ‘ബ്രഹ്മ സത്യം ജഗന്മിഥ്യ’ എന്നെല്ലാമുള്ള നിഗമനങ്ങളിലെത്തിക്കുന്നത്. അതുകൊണ്ടൊന്നും അനന്തമായ, ഒരിക്കലും നിലക്കാത്ത ആനന്ദം, ബ്രഹ്മാനന്ദം, അതിനു കാരണമായ അവിടുത്തെ പാദത്തിൽ ചെന്നു ചേരാൻ സാദ്ധ്യമല്ല. അത്യുച്ചത്തിൽ ഈ നിഗമനം അലറിയതുകൊണ്ടും പ്രയോജനമില്ല. ‘നൈഷാ തർക്കേണ മതിരാപനേയാ’ (കഠം) പോലെയുള്ള ഉപനിഷദ്വചനങ്ങളും ഇത്തരം തർക്കങ്ങളുടെ വ്യർത്ഥത വിളിച്ചോതുന്നു. ഗീതയിലും ഇതു തന്നെ പല സ്ഥലങ്ങളിലും ആവർത്തിക്കുന്നു.

1 comment:

  1. അത്യായസകരങ്ങളാ " കും" എന്ന് വായിക്കാന്‍ തോന്നുന്നു.

    ReplyDelete

അഭിപ്രായം