Tuesday, September 9, 2014

അന്തർമ്മുഖനായ അർജ്ജുനൻ

കുരുപാണ്ഡവ യുദ്ധഭൂവിലു-
ള്ളൊരു കൂടാരമതിങ്കലേകനായ്
മരുവീ പുരുഹൂതനന്ദനൻ
പുരുചിന്താവശഗൻ നിശാന്തരേ

തിരി താഴ്തിയ ദീപരാജി, ശ-
ർവ്വർ, താരേശസമാഗമോൻസുക
സ്ഫുരിതാരസി ചേർത്ത ഹാരമായ്
പരിശോഭിച്ചിതു, പാതിരക്കു മേൽ

ഭടനഞ്ചയമേറെ വീറൊടും
അടരാടി ക്ലമമാർന്നു മേനിയെ
സ്ഫുടരാഗമിയന്ന നിദ്രപുൽ-
കിടവേ മോഹിതരായ് ശയിച്ചിതു (തേ)

അലറും ജലരാശിയെന്നപോ-
ലല തല്ലുന്ന വികാരവായ്പിനാൽ
നിലവി, ട്ടഴലാലുലഞ്ഞു, ഭൂ-
വലജിത്തിൻ മനമന്നു മേൽകുമേൽ

കുരുവംശഹിമാംശു ഭീഷ്മനോ-
ടുരു ലോഭത്തിനധീനനായ താൻ
കരുണാലവമെന്നി, നിന്ദ്യമാ-
മൊരു കർമ്മം ഹഹ! ചെയ്തുസംഗരേ

വിജയാപജയങ്ങളാജിയിൽ
നിജഭാഗ്യാനുസൃതം വരു നൃണാം
സുജനങ്ങൾ ജയം കൊതിച്ചു, ബാ-
ഹുജധർമ്മത്തെ വെടിഞ്ഞിടാ ദൃഢം.

ജനകൻ മ്രൂതനായതും പുരാ
രണഭൂ വിട്ടു മടങ്ങിവന്നതും
ജനമന്നെതിരായിരുന്നതും
മനതാരിൽ സ്ഫുടമോർത്തു ഫൽഗുനൻ

ധരയെജ്ജനകൻ വെടിഞ്ഞന-
ന്തരമന്യർക്കു പറന്ന നന്ദനർ
ദുരപൂണ്ടു പുരത്തിലെത്തിയെ-
ന്നുരചെയ്താർ പല പൗരമുഖ്യരും

അവരെഗ്ഗണിയാതെ ഭീഷ്മനാ-
ണിവരും പൗരവരെന്നുരച്ചതും
യുവരാജപദത്തിനഗ്രജ-
നവകാശം തരകാമാക്കിവച്ചതും

സുതരെന്ന കണക്കു തങ്ങളിൽ
സതതം പ്രേമരസം ചൊരിന്ന്ജിവൻ
ക്ഷതമെന്നിയെ കാത്തു ധൂർത്തരാൽ
കൃതമായുള്ള വിപത്തിൽ നിന്നുമേ

ദ്രുപദാത്മജതന്നെ വേട്ടു നി-
സ്ത്രപമപ്പെൺ വഴി വാണതങ്ങളെ
കൃപയാ പുരി പൂകുവാൻ ക്ഷണി-
ച്ചപകർഷത്തെയൊഴിചതീ മഹാൻ

സ്മ്മൃതിയിൽ തെളിവായുയർന്നു പാ-
ർഷതിയെപ്പൂർവ്വജനക്ഷ ലീലയിൽ
മതി മോഹമിയന്നു വാതുവെ-
ച്ചതിനാൽ വന്നൊരു മാനഭംഗവും

ഹഹ! മാം പരിപാഹിയെന്നു, ദു-
സ്സഹശോകത്തൊടനാഥപോലവൾ
സഹസാ വിലപിക്കിലും, പിതാ-
മഹനൊന്നും പറയാതിരുന്നതും

നൃവരാംഗന, പൗത്രജായ, യാ-
ർത്തവമാലിന്യമിയന്ന മാനിനി
യുവസുന്ദരി, യസ്സഭാന്തരേ
അവമാനം പലതേറ്റുവെങ്കിലും

പല മട്ടവൾ വീണു കേണലം
വിലപിച്ചൂ സവിധത്തിലെങ്കിലും
ഖലരാടയഴിച്ചെറിഞ്ഞിടും
നിലയിൽത്തന്വി തപിച്ചുവെങ്കിലും

അരുതെന്നൊരു വാക്കുപോലുമി-
ക്കുരുവൃദ്ധൻ പറയാഞ്ഞതെന്തഹോ!
അരുതാത്തതു ചെയ്വതെന്നപോ-
ലൊരു തെരല്ലിയതീക്ഷ ചെയ്വതും

സരിദർഭകനെപ്പഴിപ്പതും
ശരിയല്ലാ നിരുപിച്ചു പാർക്കുകിൽ
പരിരക്ഷയവൾക്കു നൽകിടാ-
തരികേ നിന്നിതു കാന്തരഞ്ചുപേർ

ശമനാത്മനജഗ്നിസാക്ഷിയായ്
സമയം ചെയ്തതു തെറ്റിയല്ലയോ
വിമതർക്കു വലയ്കു വിറ്റ, തു-
ത്തമയാം തന്നുടെ ധർമ്മപത്നിയെ?

ഒരു ദാസിയെ യെന്തുചെയ്യുവാ-
നരുതാത്തൂ യജമാനനിച്ഛപോൽ
കുരുവൃദ്ധനു നീതിയോ കട-
ന്നരുതെന്നോതുവതെന്നുമോർക്കണം

പലരക്ഷ വിനോദലോലരു-
ണ്ടുലകിൽ, കൈയ്ക്കു പിടിച്ച കാന്തയെ
വിലപേശിയ ധൂർത്തനാരു, നി-
സ്തുലനാം തന്നുടെ ജ്യേഷ്ഠനെന്നിയേ?

ഒരു സത്യവചസ്സു വിസ്മരി-
ച്ചൊരു കർമ്മം നൃപനാചരിക്കവേ
അരുതെന്നു തടുത്തിടാതതി-
ന്നരു നിന്നോരിവർ നീതി നിഷ്ഠരോ?

പറയാമതു സത്യനിഷ്ഠയാം
മറയാൽ മൂടിയപേടിയെന്നുമേ
മുറതെറ്റിയനന്തരം പലേ-
മുറയും തങ്ങൾ നടന്നതില്ലയോ?

വിജയാർത്ഥനട ചെയ്തപോതു ധ-
ർമ്മജനോടോതിയിദം പിതാമഹൻ
"വിജയൻ സമരേ ശിഖണ്ഡിയെ-
നിജരക്ഷയ്കു വരിച്ചുവെന്നിടാം"

അതു ധർമ്മജ ധർമ്മനിഷ്ടയ-
ച്ചതുരൻ ശോധന ചെയ്തതായിടാം
അതു കേട്ടിവർ നിന്ദ്യവൃത്തിപൂ-
ണ്ടതു ധർമ്മിഷ്ഠർ പഴിക്കയില്ലയോ

ഗുരുവുണ്ടിനിയാർക്കുമേ ജയി-
ക്കരുതാ വീരനെ ധർമ്മ സംഗരേ
ഒരുവേള വധിച്ചിടേണ്ടതായ്
വരുമോ ഹാ! ദ്വിജനേയുമേ ഛലാൽ

സരിദാത്മജനോടിടിഅഞ്ഞൊഴി-
ഞ്ഞരിവംശാന്തക നംശഭൂവരൻ (നായ സൂതജൻ)
ദരിയിൽ ക്ഷുധപൂണ്ടുലാത്തിടും
ഹരിയെപ്പോൽ മരുവുന്നു വീര്യവാൻ

അവനോടടരിങ്കൽ നേരിടാൻ
ഭുവനം മൂന്നിലുമില്ലൊരുത്തനും
ഭവശിഷ്യ സുശിക്ഷിതന്നൊരു-
ൽസവമാണെത്ര കടുത്തയുദ്ധവും

ശരമെയ്വതിലുള്ള ലാഘവം
വര ദിവ്യായുധമന്ത്രസിദ്ധിയും
കരവേഗവുമൊത്തൊരംഗ ഭൂ-
വരയുദ്ധം കലയാണു കാണുവാൻ

വഴിയെന്തവനോടെതിർക്കുവാൻ
കഴിവില്ലായതിനസ്ത്രശക്തിയാൽ
പഴി പണ്ടുമുതൽകിവങ്കലു-
ണ്ടൊഴിയില്ലാ ജയമെന്നി ദുർജ്ജയൻ

മതി ചിന്തകളച്യുതൻ പദം
പ്രതിയെന്മാനസമേ! ചരിയ്കുക
മതിമോഹമകറ്റി നിത്യമാം
ഗതിയേകീടുമനാഥരക്ഷകൻ

ഒരു ശുഷ്കദലം ചലിപ്പതും
നിരുപിച്ചീടുകിലീശ്വരേച്ഛയാൽ
കരുതിന്നിതു മോഹ വായ്പിനാ-
ലൊരുവൻ ഞാനിതു ചെയ്തുവെന്നിദം"

പരപൂരുഷനുള്ളിലുള്ളൊര-
പ്പരമോദ്ദേശമറിഞ്ഞതാരുവാൻ?
ഒരു കൃത്യവുമില്ലിവന്നു, ത-
ച്ചരണേ മാനസമന്വയിക്കയാൽ

No comments:

Post a Comment

അഭിപ്രായം