Tuesday, September 2, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 34

<-മുൻപിലത്തേത്                             തുടക്കം                അടുത്തത്->
"വാമാങ്കേ മണിഭൂഷണോജ്ജ്വല മനോജ്ഞാകാരയായ് മേവിടും
വാമാംഗീമണിയാം ധരിത്രിയെ  ഭുജാശ്ലേഷേണ ബന്ധിച്ചതായ്
സോമാർക്കാനല ദീപ്തിചേർന്ന തവരൂപത്തെ സ്മരിപ്പോൻ യഥാ-
കാമം സപ്ത വസുന്ധരയ്കധിപനായ്ത്തീരുന്നു ഭൂമീപതേ"


പദാർത്ഥം:
വാമാങ്കേ = ഇടത്തേ തുടയിൽ
മണിഭൂഷണോജ്വല = നവരത്നാഭരണങ്ങളാൽ വളരെ ശോഭിക്കുന്ന
മനോജ്ഞാകാരയായ് മേവിടും = സുന്ദരിയായ് ഇരിക്കുന്ന
വാമാംഗീമണിയാം = ഇടത്തെ ഭാഗത്തിന് രത്നമായ
ധരിത്രിയെ = ഭൂമിയെ
ഭുജാശ്ലേഷേണ = കൈകൊണ്ടുള്ള കെട്ടിപ്പിടിക്കൽ കൊണ്ട്
ബന്ധിച്ചതായ് = കെട്ടിപ്പിടിച്ചതായ്
സോമാർക്കാനലദീപ്തി ചേർന്ന = ചന്ദ്രൻ, സൂര്യൻ, തീ എന്നിവരുടെ ശോഭ ചേർന്ന
തവരൂപത്തെ = അവിടുത്തെ രൂപത്ത്
സ്മരിപ്പോൻ = ധ്യാനിക്കുന്നവൻ
യഥാകാമം = ഇഷ്ടമനുസരിച്ച്
സപ്തവസുന്ധരക്ക് = ഏഴുഭൂമിക്ക്
അധിപനായ്തീരുന്നു = അധികാരിയാവുന്നു
ഭൂമിപതേ = ഭൂമിയുടെ ഭർത്താവേ

ശ്ലോകാർത്ഥം:
ഇടത്തേ തുടയിൽ നവരത്നാഭരണങ്ങളാൽ മനോഹര രൂപിണിയായിരിക്കുന്ന, ഇടത്തുഭാഗത്തിന് രത്നമായ ഭൂമിയെ, ചന്ദ്രസൂര്യാഗ്നികളുടെ ശോഭ ചേർന്ന അവിടുത്തെ രൂപം, കൈകൊണ്ട് കെട്ടിപ്പിടിച്ചതായി  ധ്യാനിക്കുന്നവൻ, സ്വന്തം ഇഷ്ടമനുസരിച്ച് ഏഴ് ഭൂമികൾക്കും അധികാരിയായിത്തീരുന്നു, അല്ലയോ ഭൂമിയുടെ ഭർത്താവേ.

വ്യാഖ്യാ:
വിഷ്ണുവിന് ലക്ഷ്മിയും ഭൂമിയുമാണ് രണ്ടു ഭാര്യമാർ എന്ന് പ്രസിദ്ധം. ബാക്കി ശ്ലോകാർത്ഥം പ്രകടം.

No comments:

Post a Comment

അഭിപ്രായം