Friday, April 18, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 1

                                                       തുടക്കം                                അടുത്തത് ->
"ശൗരേ തല്പദരേണു നിജമൂർദ്ധാവിൽ ദ്ധരിച്ചിട്ടു പാ-
രീരേഴും വിരചിക്കുവാൻ ചതുരനായ് തീരുന്നു പത്മാസനൻ
താരേശാംശവിഭൂഷണൻ തവപദൈകാസക്തനായ് വിശ്വസം-
ഹാരേ താണ്ഡവ ലീലയാടിവിലയിക്കുന്നൂ തവാംഘ്രിദ്വയേ"

പദാർത്ഥം:
ശൗരേ = ഹേ വിഷ്ണു
തല്പദരേണു = ആ കാലടിയിലെ (കാലടികളിലെ) പാദങ്ങളിലെ) പൊടി
നിജമൂർദ്ധാവിൽ = സ്വന്തം നിറുകയിൽ


പാരീരേഴും = അതലാദി സപ്തതലങ്ങളും, ഭൂലോകാദി സപ്തലോകങ്ങളും.
വിരചിക്കുവാൻ = വിവിധങ്ങളായി സൃഷ്ടിക്കുവാൻ
ചതുരനായ് = സമർത്ഥനായി
പത്മാസനൻ = ബ്രഹ്മാവ്
താരേശാംശവിഭൂഷണൻ:
താരേശൻ = ചന്ദ്രൻ  അംശം = കഷണം വിഭൂഷണൻ = അലങ്കാരമായി ധരിക്കുന്നവൻ
തവപദൈകാസക്തനായ് = അവിടുത്തെ കാലടിയിൽ മാത്രം ആസക്തനായ്
വിശ്വസംഹാരേ = വിശ്വത്തിനെ പൂർണ്ണമായും നശിപ്പിക്കുന്നതിൽ
തവാംഘ്രിദ്വയേ = അവിടുത്തെ രണ്ടു കാലടികളിൽ.

ശ്ലോകാർത്ഥം:
ഹേ വിഷ്ണു, ആ കാലടികളിലെ പൊടി സ്വന്തം നിറുകയിൽ അണിഞ്ഞിട്ട്, ബ്രഹ്മാവ് പതിനാലു ലോകങ്ങളും നിർമ്മിക്കാൻ സമർത്ഥനായി തീരുന്നു.
ചന്ദ്രക്കലധരിച്ചവൻ (രുദ്രൻ) അവിടുത്തെ കാലടികളിൽ മാത്രം ആസക്തനായി വിശ്വത്തിനെ പൂർണ്ണമായും നശിപ്പിക്കുന്നതിൽ, ആ കാലടികളിൽ തന്നെ താണ്ഡവനൃത്തം ചെയ്യുന്നു.


വ്യാഖ്യാ:
ഗുരു ഇവിടെ വിഷ്ണുവിനെയാണ് സർവ്വശക്തനായി സ്വീകരിച്ചിരിക്കുന്നത്. ശൂരസേനന്റെ മകനാണ് വസുദേവൻ. വാസുദേവനും ശൂരസേനത്തിന്റെ കുലത്തിൽ പിറന്നതുകൊണ്ട്, ശൗരി.  അവിടത്തെ പാദങ്ങൾ സ്പർശിച്ച മണ്ണ് സ്വന്തം മൂർദ്ധാവിൽ ധരിച്ചിട്ടാണ് പത്മാസനൻ, ബ്രഹ്മാവ് "ഈരേഴു പാര്" പതിനാലു ലോകങ്ങളും സൃഷ്ടിക്കാൻ ശക്തനാവുന്നത്. മൂർദ്ധാവ് ഗുരുപാദുകാ സ്ഥാനവും, ബ്രഹ്മരന്ധ്രവുമാണെന്ന് ശ്രദ്ധിക്കുക. പത്മാസനൻ, സഹസ്രദള പത്മത്തിൽ ഈ പൊടി അണിയുന്നു. 

നക്ഷത്രങ്ങളുടെ ഭർത്താവായ ചന്ദ്രന്റെ ഒരു കഷണം വിഭൂഷണമാക്കിയ രുദ്രൻ (ശിവൻ), അവിടുത്തെ പാദത്തിൽ മാത്രമാണ് സക്തൻ. വെറും സക്തി അല്ല, ആസക്തി. വിട്ടുമാറാത്ത, ചിരസ്ഥായിയായ, അത്യധികമായ സക്തി. വിശ്വം സഹരിക്കുന്ന താണ്ഡവം പോലും അവൻ അവിടുത്തെ കാലടികളിലാണ് ചെയ്യുന്നത്. ആ താണ്ഡവമോ വിലാസമാണ്. വിലാസം ആനന്ദാധിഷ്ഠിതമാണ്. അവിടുത്തെ കാലടികളിൽ മാത്രമാണ് ആനന്ദനൃത്തം ചെയ്യാൻ ശിവൻ തല്പരൻ.

"തനീയാംസം പാംസും" എന്നു തുടങ്ങുന്ന സൗന്ദര്യ ലഹരീ ശ്ലോകവുമായി ഇതിനുള്ള സാമ്യം ശ്രദ്ധേയമാണ്.

വൃത്തം, ശാർദ്ദൂല വിക്രീഡിതമായാണ് തോന്നുന്നത്. എന്നാൽ ആദ്യത്തെ വരിയിൽ 17 അക്ഷരം മാത്രമേ ഉള്ളൂ എന്നത് ദുരൂഹമായിരിക്കുന്നു. കയ്യെഴുത്തു പ്രതി ഇന്ന് അലഭ്യമായതിനാൽ സന്ദേഹനിവൃത്തി വരുത്താനും വയ്യ. മറ്റു മൂന്നു വരികളിലും 19 അക്ഷരമുള്ള ശാർദ്ദൂലവിക്രീഡിതം തന്നെ. അച്ചടിയിൽ വിട്ടു പോയതാവാം. എന്നാൽ, അച്ചടിച്ച പ്രതിയിൽ ഒരു ശുദ്ധിപത്രം ചേർത്തതിലും ഇത് ചേർത്തിട്ടില്ല. ഇത് വിഷമവൃത്തങ്ങളിൽ പെടുത്തി വിശകലനം ചെയ്യാനും വയ്യ. കാരണം ആദ്യത്തെ വരിയും മൂന്നാമത്തെ വരിയും ഒരേ അക്ഷരസംഖ്യയായിരിക്കും വിഷമവൃത്തത്തിൽ. ഏതായാലും "ശൗരേ, രീരേ, താരേ, ഹാരേ" എന്നിങ്ങിയെയുള്ള ഹൃദ്യമായ ദ്വിതീയാക്ഷരപ്രാസം കാണുന്നാതു കൊണ്ട് വിട്ടുപോയ രണ്ടക്ഷരം അവിടെയല്ലെന്നു വരുന്നു.

ആദ്യത്തെ വരിയിലെ ഗുരു ലഘുക്കളെ ആദ്യം ക്രമപ്പെടുത്താം.

ശൗ   രേ   തൽ    പ    ദ    രേ    ണു    നി    ജ    മൂർ    ദ്ധാ    വിൽ     ധ    രി    ച്ചി     ട്ടു     പാ
ഗു    ഗു    ഗു      ല    ല    ഗു    ല       ല     ല     ഗു     ഗു      ഗു        ല     ഗു    ഗു   ല     ഗു

ശാർദ്ദൂലവിക്രീഡിതത്തിന്റെ ഗണ ക്രമം "മസജം സതം ത ഗുരുവും" എന്നാണ്.
മൂന്നക്ഷരങ്ങളുള്ള 6 ഗണങ്ങളും ഒരു ഗുരുവും ചേർന്ന് 19 അക്ഷരം. "ശൗരേതൽ" മ ഗണമാണ്. അതു ശരിയായി.
ഈ വരിയിൽ അക്ഷരങ്ങൾ 17 എണ്ണമേ ഉള്ളൂ എന്നതു കൊണ്ട് ആദ്യന്തം ഗണങ്ങളാക്കി തിരിച്ചാൽ, 5 ഗണങ്ങളും രണ്ടക്ഷരവും ആണ് വരിക. എന്തായാലും അവസാനം ഒറ്റക്കു നിൽക്കുന്ന ഒരു ഗുരു വേണം എന്നുള്ളതു കൊണ്ട്, "പാ" എന്ന അക്ഷരം മാറ്റാം. അതും ഗുരുവായതുകൊണ്ട് ശരിയായി.
ബാക്കിയുള്ളവയെ ഗണമാക്കാൻ വിലോമമായി ശ്രമിക്കാം.
"രിച്ചിട്ടു"  -  ത ഗണം
"ദ്ധാവിൽധ" - ത ഗണം
"നിജമൂർ" - സ ഗണം
"ദരേണു" - ജ ഗണം
"പ??" - സ ഗണം
"ശൗരേതൽ" - മ ഗണം

ഇതിൽ നിന്നും തെളിയുന്നത്, രണ്ടാമത്തെ ഗണത്തിൽ രണ്ടക്ഷരം എവിടെയോ പോയി മറഞ്ഞു. അവിടെ വരേണ്ട 'സ' ഗണത്തിന് "ല ല ഗു" എന്നിങ്ങിനെയാണ് ഗണക്രമം.

അപ്പോൾ ഈ വരിയെ
"ശൗരേ തൽ 'ലല' പാദരേണു നിജമൂർദ്ധാവിൽ ധരിച്ചിട്ടു പാ- "
എന്നു പാടിയാൽ ശരിയാവും.

ഏതാണാ അപ്രത്യക്ഷമായ രണ്ടു ലഘ്വക്ഷരങ്ങൾ???

7 comments:

  1. ശൌരേ തല്‍ പദ പാദരേണു നിജമൂര്‍ദ്ധാവില്‍ ധരിച്ചിട്ടു പാ- എന്നായാലോ?

    ReplyDelete
  2. ഒന്നാമത്തെയും മൂന്നാമത്തെയും വരികള്‍ തുല്യമായാൽ അർദ്ധസമവൃത്തം എന്നാണ് പേര്. നാല് വരികളിലും വ്യത്യസ്തവൃത്തം വന്നാലാണ് വിഷമവൃത്തമാവുവിഷമവൃത്തമാവുക.

    ReplyDelete
  3. മൂന്നാമത്തെ ഗണത്തിലെ അക്ഷരങ്ങളാണ് വിട്ടുപോയത്. (8,9 അക്ഷരങ്ങൾ). യതിഭംഗവുമുണ്ട്.

    ReplyDelete
    Replies
    1. അല്ല. 5,6 അക്ഷരങ്ങളാണ്‌ വിട്ടുപോയത്‌. രണ്ടാമത്തെ ഗണത്തിലെ

      Delete
  4. താണ്ഡവ ലീലയാടിവിലയിക്കുന്നൂ തവാംഘ്രിദ്വയേ - ശിവൻ താണ്ഡവമാടി വിലയം പ്രാപിക്കുന്നുവെന്നാണ് അർത്ഥം പ്രകടമാകുന്നത്. കൃഷ്ണ-നാരായണി സങ്കല്പമനുസരിച്ച് ഉമ തന്നെയാണ് വിഷ്ണു. താന്ത്രികമാണ് അവസാനവരി. ഹരിസുധാലഹരിക്ക് സൌന്ദര്യലഹരിയുമായി പറയുന്ന സാമ്യവും സൂചിപ്പിക്കുന്നത് കൃഷ്ണനാരായണി അന്തർധാരയാണെന്നാണ്. ഊഹാപോഹമാണ്. വളരെ വിശദമായി അർത്ഥം പറഞ്ഞിരിക്കുന്നു. മലയാളത്തിലൊരു പുതിയ അനുഭവമാണ് ഈ കീർത്തനങ്ങൾ.

    ReplyDelete

അഭിപ്രായം