Tuesday, September 2, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 32

<-മുൻപിലത്തേത്                                  തുടക്കം             അടുത്തത്->
"കാമൻ ത്വൽസുതനാകയാലഖില ലോകത്തെജ്ജയിക്കുന്നു നി-
ഷ്കാമൻ കാമദനങ്ങു കാമനെ ജയിച്ചീടുന്നതാശ്ചര്യമോ
പ്രേമത്താലഘമേറ്റ ഗോപികളുമായ് മേളിച്ചു വന്ദർപ്പമ-
ക്കാമന്നുള്ളതുപോക്കിയങ്ങു വിജയം ഘോഷിച്ചു വൃന്ദാവനേ"


പദാർത്ഥം:
കാമൻ = കാമദേവൻ
ത്വൽസുതനാകയാൽ = അവിടുത്തെ മകനാകകൊണ്ട്
അഖില = എല്ലാ
ലോകത്തെജ്ജയിക്കുന്നു = എല്ലാ ലോകങ്ങളേയും ജയിക്കുന്നു
നിഷ്മാകൻ = ആഗ്രഹങ്ങളില്ലാത്തവൻ
കാമദനങ്ങു = ആഗ്രങ്ങൾ സാധിച്ചു തരുന്ന അങ്ങ്
കാമനെ = കാമദേവനെ
ജയിച്ചീടുന്നത് = തോല്പിക്കുന്നത്
ആശ്ചര്യമോ = അത്ഭുതമാണോ
പ്രേമത്തലഘമേറ്റ = പ്രേമംകൊണ്ട് ദു:ഖിക്കുന്ന
ഗോപികളുമായ് = ഗോപകന്യകളുമായ്
മേളിച്ച് = രതിക്രീഡകളിലേർപ്പെട്ട്
വന്ദർപ്പം = അത്യധികമായ അഹങ്കാരം
അക്കാമന്നുള്ളത് = ആ കാമദേവനുള്ളത്
പോക്കി = ഇല്ലാതാക്കി
അങ്ങ് = വിഷ്ണു
വിജയം ഘോഷിച്ചു = വിജയം ആഘോഷിച്ചു.
വൃന്ദാവനേ = വൃന്ദാവനത്തിൽ.

ശ്ലോകാർത്ഥം:
അവിടുത്തെ മകനായതുകൊണ്ട്, കാമദേവൻ എല്ലാലോകങ്ങളേയും കീഴ്പ്പെടുത്തുന്നു. കാമമില്ലാത്തവനാണെങ്കിലും, ആഗ്രഹങ്ങൾ നിറവേറ്റിത്തരുന്ന അങ്ങ് കാമദേവനെ ജയിക്കുന്നത് ആശ്ചര്യമോ? പ്രേമംകൊണ്ട് ദു:ഖിച്ച ഗോപകന്യകളുമായി രതിക്രീഡ ചെയ്ത് ആ കാമദേവനുള്ള അത്യധികമായ അഹങ്കാരം ഇല്ലതാക്കി, അങ്ങ് വൃന്ദാവനത്തിൽ വിജയം ആഘോഷിച്ചു.

വ്യാഖ്യാ:
കാമൻ. കാമദേവൻ, മന്മഥൻ, കന്ദർപൻ, അനംഗൻ എന്നെല്ലാം അറിയപ്പെടുന്ന ദേവൻ. അവൻ തന്നെയാണല്ലോ എല്ലാവരിലും, രതിയിലുള്ള ആഗ്രഹം ജനിപ്പിക്കുന്നത്. ത്വൽസുതനാകയാൽ. ആ കാമൻ, അവിടുത്തെ മകനാണ്. കാമദേവന്റെ ആദ്യത്തെ ജന്മത്തിൽ ബ്രഹ്മാവിന്റെ മകനായാണ് ജനിച്ചതെങ്കിലും, ശിവന്റെ നേത്രാഗ്നിയിൽ ഭസ്മമായി, വീണ്ടും ജനിച്ചത് രുഗ്മിണിയിൽ, പ്രദ്യുമ്നനായി ശ്രീകൃഷ്ണന്റെ മകനായാണ്. അതുകൊണ്ട്. കൃഷ്ണന്റെ മകനായതുകൊണ്ട്. 
അഖിലലോകത്തെജ്ജയിക്കുന്നതാശ്ചര്യമോ. എല്ലാലോകങ്ങളെയും ജയിക്കുന്നു. പ്രദ്യുമ്നൻ അഖിലലോകങ്ങളെയും ജയിച്ചതായി എവിടെയും കാണുന്നില്ല. പ്രജനം കൊണ്ട് നിലനിൽക്കുന്ന അഖില ലോകവും 'കാമൻ' ജയിച്ചതാണെന്നത് വ്യക്തം. എന്നിരിക്കെ ഇവിടെ ഒരു പൂർവാപരവിരുദ്ധത തോന്നാം. എന്നാൽ പ്രദ്യുമ്നനാകുന്ന കാര്യം, കാമനാകുന്ന കാര്യത്തിൽ അന്തർഗതമാണെന്നതുകൊണ്ട് ആ വൈരുദ്ധ്യമില്ല. അതുകൊണ്ടു തന്നെ ഈ അഖിലലോകജയത്തിൽ അല്പം പോലും ആശ്ചര്യവുമില്ല.

നിഷ്കാമൻ കാമദനങ്ങ്. സ്വയം നിഷ്കാമനായി ഭക്തരുടെ കാമങ്ങൾ, ആഗ്രഹങ്ങളെല്ലാം കൊടുക്കുന്നവനാണ് അങ്ങ്. വൃന്ദാവനത്തിൽ ഗോപികമാരുമായി സദാ രത്യാസ്വാദനത്തിലേർപ്പെടുന്ന കൃഷ്ണൻ നിഷ്കാമനോ! കൃഷ്ണൻ ജിതേന്ദ്രിയനും ഊർദ്ധ്വരേതസ്സുമാണ്. അതുകൊണ്ട് നിഷ്കാമനായി, പിറകെ പറയാൻ പോകുന്ന ഗോപികളുടെ പ്രേമാഘം തീർക്കാനാണ് അവരുമായി രമിക്കുന്നത്. കാമനെ ജയിച്ചീടുന്നതാശ്ചര്യമോ എന്ന ചോദ്യവും അതു തന്നെ വ്യക്തമാക്കുന്നു. അതു തന്നെയാണ് ന്യായം.

പ്രേമത്തലഘമേറ്റ ഗോപികളുമായ്. പ്രേമം രതിസഹജമായ അഭിലാഷം. അഘം. "പരിഘ: പരിഘാതേസ്ത്രേപ്യോഘോ വൃന്ദേംഭസാം രയേ മൂല്യേ പൂജാവിധാവർഗ്ഘോഹോദു:ഖവ്യസനേഷ്വഘം." (അമരം.3.നാ.27) എന്നതിന് പാരമേശ്വരീ വ്യാഘ്യാനത്തിൽ അഘത്തിന്, പാപം, ദു:ഖം, ചൂത് ആദികളിലുള്ള ആസക്തി എന്നു വ്യാഖ്യാനം കാണുന്നു. ഇതിൽ 'ആദികളിലുള്ള' എന്നതു കൊണ്ട് മറ്റുപലതും ചേർക്കാം. അതിൽ പ്രേമം പെടുത്താം. ആസക്തി എന്നതുകൊണ്ട് അമിതമായ കൊതി എന്നു വരുന്നു. ഹൈമന്റെ വ്യാഖ്യാനത്തിൽ "അഘം ദു:ഖേ വ്യസനേ" എന്നു പറഞ്ഞതുകൊണ്ട്, ഇവിടെ 'പ്രേമത്താലഘമേറ്റ' എന്നതിന് 'അമിതമായ പ്രേമക്കൊതികൊണ്ട് (അതു കിട്ടാത്തതിനാലുണ്ടാകുന്ന) ദു:ഖം' എന്ന് വ്യാഖ്യാനിക്കാം. അങ്ങിനെ കൃഷ്ണനോടുള്ള അധികപ്രേമത്താലും അതു കിട്ടാത്തതിനാലും ദു:ഖിച്ചിരിക്കുന്ന ഗോകുലകന്യകളുമായ്.

മേളിച്ചു വൻ ദർപ്പമക്കാമന്നുള്ളതുപോക്കി. ഒന്നുചേർന്ന് രമിച്ചിട്ട്. കാമദേവന്റെ വലിയ അഹങ്കാരം. എല്ലാ ലോകങ്ങളെയും ജയിച്ചവനാണെന്ന അഹങ്കാരം കൊണ്ടാണല്ലോ പരമശിവനെപ്പോലും കീഴടക്കാമെന്ന വിചാരം വന്നത്. ആ മദം ശിവന്റെ അഗ്നിനേത്രം കൊണ്ടൊരിക്കൽ തീർന്നതാണ്. വീണ്ടും ഇതാ ഇവിടെ കൃഷ്ണൻ അതടക്കുന്നു.

അങ്ങു വിജയം ഘോഷിച്ചു വൃന്ദാവനേ. വൃന്ദാവനത്തിൽ ഈ കമനുമേലുള്ള വിജയം അങ്ങാഘോഷിച്ചു. അല്ലാതെ പാമരന്മാർ കരുതുന്നതുപോലെ കാമനു വശംവദനാകയല്ലാ കൃഷ്ണൻ ചെയ്തതെന്ന് വ്യക്തമാക്കുന്നു.


No comments:

Post a Comment

അഭിപ്രായം