Friday, June 20, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 20

<-മുന്‍പിലത്തേത്                           തുടക്കം               അടുത്തത് ->

"ബ്രഹ്മാണ്ഡത്തെയധ:കരിച്ച വിപുലാകാരം വിയദ്വാഹിനീ-
വന്മാഹാത്മ്യ നിദാനപാദ മനലാസ്യം ചന്ദ്രസൂര്യേക്ഷണം
ബ്രഹ്മാദ്യർച്ചിതമിത്രിവിക്രമ വപുസ്സെന്നും സ്മരിച്ചീടുവോ-
നമ്മാഹേന്ദ്രപദം തൃണം, ഭൃതകരായ്വർത്തിപ്പു സിദ്ധ്യഷ്ടകം"
(വാമനൻ)

പദാർത്ഥം:
ബ്രഹ്മാണ്ഡത്തെ = ബ്രഹ്മമാകുന്ന വലിയ മുട്ടയെ
അധ:കരിച്ച = താഴ്തിയ
വിപുലാകാരം = വളരെ വലിയ രൂപം
വിയദ്വാഹിനീ = ആകാശഗംഗ
വന്മാഹാത്മ്യ = വലിയ മാഹാത്മ്യത്തിന്റെ
നിദാന = കാരണമായ
പാദം = കാലുകളുള്ളവനെ
അനലാസ്യം = ജ്വലിക്കുന്ന തീയിനു സമാനമായ മുഖമുള്ളവനെ
ചന്ദ്രസൂര്യേക്ഷണം = ചന്ദ്രനും സൂര്യനും രണ്ടു കണ്ണുകളായവനെ
ബ്രഹ്മാദ്യർച്ചിതം = ത്രിമൂർത്തികളാലും മറ്റുദേവകളാലും പൂജിക്കപ്പെട്ട
ഇത്രിവിക്രമ = ഈ വാമനാവതാരത്തിന്റെ
വപുസ് = ശരീരം
എന്നും = ഇടതടവില്ലാതെ എല്ലായ്പോഴും
സ്മരിച്ചീടുവോന് = ധ്യാനിക്കുന്നവന്
അമ്മാഹേന്ദ്രപദം = ആ ദേവേന്ദ്രന്റെ സ്ഥാനം.
തൃണം = പുല്ല്
ഭൃതകരായ് = ഭൃത്യന്മാരായി, ആജ്ഞാനുവർത്തികളായി
വർത്തിപ്പു = നിലകൊള്ളുന്നു
സിദ്ധ്യഷ്ടകം = അണിമാദി എട്ട് സിദ്ധികൾ

ശ്ലോകാർത്ഥം:
ബ്രഹ്മാണ്ഡമാകുന്ന മുട്ടയെ താഴ്തിയ വലിയ ആകാരമുള്ള, ആകാശഗംഗയുടെ വലിയ മാഹാത്മ്യത്തിനു കാരണമായ പാദമുള്ള, ജ്വലിക്കുന്ന തീയിനു സമാനമായ മുഖമുള്ള, ചന്ദ്രനും സൂര്യനും രണ്ടു കണ്ണുകളായുള്ള, ളാലും മറ്റുദേവകളാലും പൂജിക്കപ്പെട്ട, വാമനന്റെ ശരീരം ഇടതടവില്ലതെ സ്മരിക്കുന്നവന്, ദേവേന്ദ്രന്റെ സ്ഥാനം വെറും പുല്ലിനു സമം. അഷ്ടസിദ്ധികളും അവന്റെ ഭൃത്യരായി നിലകൊള്ളുന്നു.

വ്യാഖ്യാ:
ബ്രഹ്മാണ്ഡത്തെ. പ്രഭവസാമർത്ഥ്യമുള്ള ബ്രഹ്മാണ്ഡം. പതിനാലുലോകങ്ങളും ഉൾക്കൊണ്ടത്. അതിനെ.
അധ:കരിച്ച. താഴ്തിയ. കീഴ്പ്പെടുത്തിയ എന്നും എടുക്കാം. വാമനൻ മഹാബലിസവിധത്തിൽ, മൂന്നടി മണ്ണ് ചോദിച്ച്, രണ്ടടികൊണ്ട് ബ്രഹ്മാണ്ഡം മുഴുവൻ അളന്ന് കീഴ്പ്പെടുത്തി.
വിപുലാകാരം. വളരെ വലിപ്പവും, വൈവിധ്യവുമുള്ള രൂപം. ചെറിയ വാമന രൂപത്തിൽ, മഹാബലിയെ കണ്ട്, മൂന്നടി ചോദിച്ചപ്പോൾ മഹാബലി അളന്നെടുത്തുകൊള്ളുവാൻ സമ്മതിച്ചു. ഉടനെ വാമനന്റെ രൂപം വലുതാവാൻ തുടങ്ങി. ആ രൂപത്തില്‍ അടങ്ങാത്തതൊന്നുമില്ല. അതേകദേശം ക്ര്ഷ്ണന്റെ വിശ്വരൂപം പോലെ തന്നെയായിരുന്നു. വിശ്വം, ഭൂതങ്ങള്‍, ഭൂമി, പര്‍വ്വതങ്ങള്‍, പക്ഷികള്‍, അസുരന്മാര്‍, നഭസ്, കടലുകള്‍, ധര്‍മ്മാധര്‍മ്മ്മങ്ങള്‍, സത്യം, സാമഗാനങ്ങള്‍, എല്ലാം. ആ രൂപത്തിനെ.
വിയദ്വാഹിനീ. വിയദ്. വിഷ്ണുവിന്‍റെ പാദങ്ങള്‍.
"വിയദ് വിഷ്ണുപദം വാ തു പുമ്സ്യാകാശവിഹായസീ" (അമരം: 1.ദ്വി.2)
വാഹിനി. വഹിക്കുന്നത്. പ്രവഹിക്കുന്നത്. നദി. അതുകൊണ്ട് വിയദ്വാഹിനീ എന്നാല്‍ വിഷ്ണുവിന്‍റെ പാദങ്ങള്‍ വഹിക്കുന്നത്. എന്നാല്‍ ഗംഗാ.
വിയദ് എന്നതിന് ആകാശം എന്നും അര്‍ത്ഥമായത്കൊണ്ട് ആകാശഗംഗാ എന്നും.

വന്മാഹാത്മ്യ. വലിയ പ്രസിദ്ധിയുടെ. നിദാന. കാരണമായ. പാദം. അവനെ.
അനലാസ്യം. അഗ്നിക്ക് സമാനമായ മുഖമുള്ളവനെ. ചന്ദ്ര്സൂര്യേക്ഷണം. ചന്ദ്രനെ കൊണ്ടും സൂര്യനെ കൊണ്ടും നോക്കുന്നവനെ. എന്നാല്‍ രണ്ടു കണ്ണുകളും സൂര്യനും ചന്ദ്രനും ആയവനെ.
ബ്രഹ്മാദ്യര്‍ച്ചിതം. ബ്രഹ്മാദി ത്രിമൂര്ത്തികളാല്‍ പോലും പുജിക്കപ്പെടുന്നവനെ.
ത്രിവിക്രമ:. "പത്മനാഭോ മധുരിപുര്‍വ്വാസുദേവസ്ത്രിവിക്രമ:" (അമരം:1.സ്വ.22)
"ബലവിദ്ധ്വംസനാര്ത്ഥ മൂന്നു ലോകന്ഗ്ങ്ങളില്കൂടി മൂന്നു പദവിന്യാസം ചെയ്തവന്‍" (പാരമേശ്വരി വ്യാഖ്യാ.)

വപുസ്. ശരീരം. എന്നും. രാപകലില്ലാതെ സദാ. സ്മരിച്ചീടുവോന്.
അമ്മാഹെന്ദ്രപാദം. എല്ലാ ദേവന്മാരുടെയും മഹാ രാജാവായിരിക്കുന്ന അവസ്ഥ.
തൃണം. പുല്ലിനു സമം. ഭൃതകരായ്. ഭൃത്യന്മാരായ്. വര്‍ത്തിപ്പു. നിലകൊളളുന്നു.
സിദ്ധ്യഷ്ടകം. യോഗീവരന്മാരാല്‍ മാത്രം പ്രാപ്യമായ അണിമാ, ലഘിമാ മുതലായ എട്ട് സിദ്ധികള്‍.

1 comment:

  1. സിദ്ധ്യഷ്ടകം എന്തൊക്കെയാണ് ?

    ReplyDelete

അഭിപ്രായം