Friday, September 5, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 38

<-മുൻപിലത്തേത്                           തുടക്കം                       അടുത്തത്->
"ദേവന്മാർ പലരുണ്ടു വാഞ്ഛിതഫലം തന്നീടുവോരെങ്കിലും
ദേവാധീശ്വരനാകുമങ്ങൊരുവനേ മോക്ഷപ്രദാനക്ഷമൻ
ശ്രീവൽസാങ്കിത ഭക്തവൽസല ഭവാനല്ലാതെ സേവാർഹനായ്
ദേവന്മാരിലൊരാളെയും മനസി മേ കാണ്മീല കാണ്മീല ഞാൻ"

പദാർത്ഥം:
ദേവന്മാർ = ദേവന്മാർ
പലരുണ്ട് = വളരെയുണ്ട്
വാഞ്ഛിതഫലം = ആഗ്രഹിക്കുന്ന ഫലം
തന്നീടുവോർ = തരുന്നവർ
എങ്കിലും = എന്നാൽ പോലും
ദേവാധീശ്വരനാകും = ദേവന്മാരുടെ അധിനായകനാകുന്ന 
അങ്ങൊരുവനേ = അവിടുന്നു മാത്രമാണ്
മോക്ഷപ്രദാനക്ഷമൻ = മോക്ഷം തരുവാൻ കഴിവുള്ളവൻ
ശ്രീവൽസാങ്കിത = ശ്രീവൽസം എന്ന മറുകുള്ളവനേ
ഭക്തവൽസല = ഭക്തന്മാരിൽ വാൽസല്യമുള്ളവനേ
ഭവാനല്ലാതെ = അവിടുന്നല്ലാതെ
സേവാർഹനായ് = സേവിക്കപ്പെടുവാൻ യോഗ്യതയുള്ളവനായ്
ദേവന്മാരിലൊരാളെയും = ദേവന്മാരിൽ ഒരാളെപ്പോലും
മനസി മേ = എന്റെ മനസ്സിൽ
കാണ്മീല കാണ്മീല ഞാൻ = തീർച്ചയായും കാണുന്നില്ല

ശ്ലോകാർത്ഥം:
ആഗ്രഹിക്കുന്ന ഫലം തരുന്ന ദേവന്മാർ വളരെയുണ്ട്. എന്നാൽ പോലും  അവിടുന്നു മാത്രമേ  മോക്ഷം തരുവാൻ കഴിവുള്ളവനായിട്ടുള്ളു. ശ്രീവൽസമെന്ന മറുകുള്ളവനും ഭക്തവൽസലനും ദേവന്മാരുടെ അധിനായകനുമായ അവിടുന്നല്ലാതെ, സേവിക്കപ്പെടുവാൻ യോഗ്യതയുള്ളതായ് എല്ലാ ദേവന്മാരിലും ഒരാളെപ്പോലും എന്റെ മനസ്സിൽ ഞാൻ തീർച്ചയായും കാണുന്നില്ല.

വ്യാഖ്യാ:
ഇവിടെയും വിഷ്ണുവിന്റെ മഹത്വം വർണ്ണിക്കുന്നു. മോക്ഷപ്രദനായി അവൻ മാത്രമേയുള്ളു. ഇവിടെ "ശ്രീവൽസാങ്കിത" എന്ന സംബോധനയാണ് ഈ ശ്ലോകത്തിന്റെ മാധുര്യം പതിന്മടങ്ങാക്കുന്നത്. ത്രിമൂർത്തികളിൽ ആരാണ് ഏറ്റവും കേമൻ എന്നന്വേഷിക്കാൻ യതാക്രമം ബ്രഹ്മാ, ശിവ, വിഷ്ണുക്കളുടെ അടുക്കൽ ഉറങ്ങുന്ന വിഷ്ണുവിനെ ചവിട്ടി ഉണർത്തിയപ്പോൾ നെഞ്ചത്തുണ്ടായ മറുകാണ് ശ്രീവൽസം. അവിടെ വച്ച് ഭൃഗുവിന് വിഷ്ണുവാണ് ഏറ്റവും കേമൻ എന്നു മനസ്സിലായി. വിശദവിരങ്ങൾക്ക് ഭാഗവതം പത്താം സ്കന്ധം നോക്കുക.

No comments:

Post a Comment

അഭിപ്രായം